പാലാ: നാട്ടുമ്പുറങ്ങളിലെ റോഡ് വശങ്ങൾ കാടുനിറഞ്ഞതോടെ കാൽനടയാത്രികൾ ദുരിതത്തിൽ. മഴ തുടങ്ങിയതോടെ കാട് അതിവേഗമാണ് വളർന്നത്. മഴക്കാലപൂർവ ശുചീകരണം പലയിടത്തും പൂർത്തിയാകാത്തതിനാൽ കാനടയാത്രികർ റോഡിലൂടെ നടക്കേണ്ട സ്ഥിതിയാണ്.
കരൂര്‍ പഞ്ചായത്തിലെ നിരവധി യാത്രക്കാര്‍ ആശ്രയിക്കുന്ന ചിറ്റാർ-ആമേറ്റുപള്ളി റോഡിൽ കാടുനിറഞ്ഞതിന് പുറമേ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണെന്നാണ് നാട്ടുകാരുടെ പരാതി. നേരത്തെ മഴക്കാലപൂർവ ശുചീകരണങ്ങളുടെ ഭാഗമായി റോഡ് വശങ്ങൾ പഞ്ചായത്ത് വൃത്തിയാക്കിയിരുന്നു. എന്നാൽ ഈ വർഷം യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് ആക്ഷേപം.
കുറുമണ്ണ്: പാലാ-മേലുകാവ് റോഡില്‍ കുറുമണ്ണ് പള്ളിപ്പടി മുതല്‍ ഇഞ്ചുകാവ് വരെയും റോഡിന്റെ ഇരുവശത്തും കുറ്റിക്കാട് നിറഞ്ഞ നിലയിലാണ്. റോഡിലൂടെ വഴിയാത്രക്കാര്‍ നടക്കേണ്ടി വരുന്നതിനാൽ അപകടസാധ്യതയും ഏറെയാണ്. ഇവിടയും ഇഴജന്തുക്കൾ ഏറെയുണ്ടെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
വശങ്ങളിലെ കാട് വെട്ടിത്തെളിക്കണമെന്ന് ആവശ്യപ്പെട്ട് പല തവണ പിഡബ്ല്യുഡി അധികൃതർക്ക് പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. ഇതിനുപുറമേ വശങ്ങളിൽ ഓടയില്ലാത്തതിനാൽ മഴ പെയ്യുമ്പോൾ റോഡിലൂടെ വെള്ളം കുത്തിയൊലിക്കുന്നതും ദുരിതം സൃഷ്ടിക്കുകയാണ്.